Saturday, February 12, 2011

Egypt


Yoonus Valappil 2:33pm Feb 12
ഈജിപ്തില്‍ ആഹ്ളാദമിരമ്പുന്നു
-------------------------------
ഈജിപ്ത് പ്രസിഡന്റ് ഹൊസ്നിമുബാറക് രാജിവച്ചതോടെ രാജ്യമെങ്ങും ആഹ്ളാദപ്രകടനം. പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലും തഹ്രിര്‍ ചത്വരത്തിലും സര്‍ക്കാര്‍ ഓഫീസുകളുടെ പുറത്തും തടിച്ചുകൂടിയ ജനങ്ങള്‍ രാജി പ്രഖ്യാപനം വന്നതോടെ ആരവം മുഴക്കി. കൊടികള്‍ വീശിയും തമ്മില്‍ ആലിംഗനം ചെയ്തും അവര്‍ ആഹ്ളാദം പങ്കിട്ടു. ജനുവരി 25ന് രാജ്യവ്യാപകമായി ആരംഭിച്ച ജനകീയവിപ്ളവം ഇതോടെ സുപ്രധാനവിജയം നേടി. 
മുബാറക്കും കുടുംബവും നേരത്തെ കെയ്റോ വിട്ടിരുന്നു. രണ്ട് ഹെലികോപ്ടറില്‍ മുബാറക്കും കുടുംബവും യാത്രയായപ്പോള്‍ ജനക്കൂട്ടം 'രാജ്യം വിട്ടുപോകൂ' എന്ന് മുദ്രാവാക്യം മുഴക്കി. സൈന്യം അധികാരം പിടിച്ചെടുക്കുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍, അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈജിപ്ത് സേനാനേതൃത്വം വാഷിങ്ടണില്‍നിന്നുള്ള അനുമതി കിട്ടാതെ സൈന്യം അധികാരം ഏറ്റെടുക്കില്ല. അമേരിക്കയില്‍നിന്ന് പ്രതിവര്‍ഷം 130 കോടി ഡോളറിന്റെ സഹായമാണ് ഈജിപ്ത് സൈന്യത്തിന് ലഭിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 'വളരെ പ്രധാനപ്പെട്ട പ്രഖ്യാപനം' ഉണ്ടാകുമെന്ന് സേനാനേതൃത്വം വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം മാറിയാല്‍ അടിയന്തരാവസ്ഥനിയമം പിന്‍വലിക്കുമെന്നും സേനകളുടെ പരമോന്നത കൌസില്‍ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നത്. താന്‍ അധികാരത്തില്‍ തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുബാറക് കഴിഞ്ഞ രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗം അവസാനിച്ചപ്പോള്‍ ജനങ്ങള്‍ പരിഹാസവാക്കുകള്‍ ചൊരിഞ്ഞിരുന്നു. ഇതിനിടെ, വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാനാണ് നിലവില്‍ രാജ്യത്തെ യഥാര്‍ഥ ഭരണാധികാരിയെന്ന് അമേരിക്കയിലെ ഈജിപ്ത് സ്ഥാനപതി സമേഹ് ഷൌര്‍ക്കി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ നിയന്ത്രണവും വൈസ് പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. മുബാറക്കിന്റെ പ്രസംഗത്തിനുശേഷം സുലൈമാന്‍ ജനങ്ങളോട് സംസാരിച്ചു. പ്രക്ഷോഭം അവസാനിപ്പിച്ച് വീടുകളിലേക്കും പണിയിടങ്ങളിലേക്കും മടങ്ങാന്‍ സുലൈമാന്‍ നടത്തിയ ആഹ്വാനം പ്രക്ഷോഭകര്‍ പുച്ഛിച്ചുതള്ളി. ഇതിനു പിന്നാലെയാണ് മുബാറക് രാജിവച്ചതായി പ്രഖ്യാപനം വന്നത്.


--
regards
cp

No comments:

Post a Comment