Anvar Shahi | 8:14pm Feb 13 |
------------------------
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു എന്നും നമ്മളെല്ലാവരും കൂടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വോട്ടു ചെയ്ത് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍...
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു എന്നും നമ്മളെല്ലാവരും കൂടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വോട്ടു ചെയ്ത് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞിറങ്ങുന്ന മുറയ്‍്ക്ക് ആ ടീം കയറി ഭരണം തുടങ്ങുമെന്നുമുള്ള കാര്യങ്ങള്‍ ഞാന്‍ മാത്രമേ അറിയാത്തതായുള്ളോ അതോ നിങ്ങളും അറിഞ്ഞിട്ടില്ലേ ?
ഇന്നലത്തെ ബജറ്റിനെപ്പറ്റിയുള്ള യുഡിഎഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ മുതലാണ് എനിക്കു സംശയം തോന്നിത്തുടങ്ങിയത്. ബാലകൃഷ്ണപിള്ള അകത്തുപോയി. പാമൊലിന്‍ കേസിലേക്ക് ഉമ്മന്‍ ചാണ്ടിയെക്കൂടി വലിച്ചിടാന്‍ മുസ്തഫ ആഞ്ഞു ശ്രമിക്കുന്നുണ്ട്. കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി അഴിമതി കേസില്‍ ജേക്കബിന്റെ കാര്യവും കയ്യാലപ്പുറത്താണ്. കുഞ്ഞാലിക്കുട്ടി സാഹിബ് ഐസ്ക്രീം കേസില്‍ പാറിപ്പറന്നു നില്‍ക്കുകയാണ്. അഥവാ മണ്ടന്മാരായ നമ്മള്‍ വോട്ടു ചയ്തു വിജയിപ്പിച്ചാലും യുഡിഎഫില്‍ ഗൗരിയമ്മയും മാണിസാറുമല്ലാതെ വല്ലവരും പുറത്തുണ്ടാവുമോ എന്നുറപ്പു പറയാറായിട്ടില്ല. മുഖ്യമന്ത്രിയാവാന്‍ റെഡിയാണെന്ന മട്ടില്‍ വയലാര്‍ രവി ഗദ്ഗദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എല്ലാവരും അകത്തുപോകുന്ന സാഹചര്യം വന്നാല്‍ കെ.മുരളീധരനു പോലും സ്വപ്നങ്ങള്‍ നെയ്യേണ്ടി വരും.
എല്‍ഡിഎഫ് ഭരണം മോശമായിരുന്നില്ല . മുന്‍ യുഡിഎഫ് ഭരണകാലത്തെപ്പോലെ ഇവിടെ ഭരണം ഇല്ലാത്ത ഒരു അവസ്ഥ ഒരു ഘട്ടത്തിലും ഉണ്ടായില്ല. വിവാദങ്ങള്‍ ധാരാളമുണ്ടായെങ്കിലും വികസനപ്രവര്‍ത്തനങ്ങളും നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളോട് കാണിച്ച കാരുണ്യത്തിനു മാത്രം ഈ സര്‍ക്കാര്‍ ജനങ്ങളുടെ കൃതജഞത അര്‍ഹിക്കുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുതുപ്പള്ളിക്കാരന്റെ സ്വപ്നലോകം യാഥാര്‍ഥ്യമാകും എന്നത് തിരഞ്ഞെടുപ്പു കഴിയും വരെയെങ്കിലും ആരും ഉറപ്പിച്ചു പറയാതിരിക്കുന്നതാണ് നല്ലത്.
ശ്രീ രമേശ് ചെന്നിത്തലയുടെ ബജറ്റ് പ്രതികരണം ശ്രദ്ധിക്കുക. അവശേഷിക്കുന്ന 3 മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കരിന് ഇവിടെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. വരുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‍ക്കാന്‍ വേണ്ടി മനപൂര്‍വം വലിയ ബാധ്യതകള്‍ ഉണ്ടാക്കി വച്ചിരിക്കുകയാണ് ധനമന്ത്രി. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട്, ജനങ്ങളെ കയ്യിലെടുക്കാന്‍ വേണ്ടിയാണ് ഈ ബജറ്റ് എന്നതാണ് പൊതുവാദം. സത്യമായിരിക്കാം. എന്റെ ചോദ്യം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടെങ്കിലും ജനോപകരാപ്രദമായ ഒരു ബജറ്റ് അവതരിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറാവുന്നതിനെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക ? തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴും ജനദ്രോഹ ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാരാണോ നല്ല സര്‍ക്കാര്‍ ?
മറ്റൊന്ന്, ഈ ബജറ്റ് അടുത്ത സര്‍ക്കാരിനിട്ടുള്ള പണിയാണെന്ന പോയിന്റാണ്. അടുത്തത് യുഡിഎഫ് സര്‍ക്കാരാണ് എന്നിവിടെ ആരും എഴുതിവച്ചിട്ടില്ല. അങ്ങനെ ആണെന്നുള്ള ചിലരുടെ വിശ്വാസം ജനാധിപത്യസംവിധാനത്തോടും ജനങ്ങളുടെ വോട്ടവകാശത്തോടുമുള്ള വെല്ലുവിളിയാണ്, ധാര്‍ഷ്ട്യമാണ്. മൂന്നു മാസം മുമ്പ് ഇവിടെ തിരഞ്ഞെടുപ്പു നടന്നിരുന്നെങ്കില്‍ യുഡിഎഫ് ചിലപ്പോള്‍ തൂത്തുവാരിയേനെ.ഇനി ഒന്നും പറയാന്‍ പറ്റില്ല. വിഎസ് പിന്നെയും പഴയ തിളക്കത്തിലെത്തി നില്‍ക്കുന്നു. ബജറ്റില്‍ അത്രയ്‍ക്കു വിശ്വാസമില്ലെങ്കില്‍, അടുത്ത സര്‍ക്കാരിനിട്ടുള്ള പണിയാണെങ്കില്‍ എല്‍ഡിഎഫിനെ തന്നെ ചുമ്മാ അങ്ങു ജയിപ്പിച്ചു വിട്, പണി അവന്മാര്‍ക്കു തന്നെയിരിക്കട്ടെ ! അതല്ല, ബജറ്റില്‍ പറയുന്ന പണി ചെയ്യാനറിയാത്തവരാണ് യുഡിഎഫുകാര്‍ എന്നാണെങ്കില്‍ അതിനു പണി വേറെയാണ്.
തിരഞ്ഞെടുക്കടുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പത്രം എടുത്തു പരിശോധിച്ചിട്ടല്ല ജനം വോട്ടു ചെയ്യാനിറങ്ങുന്നത്. സര്‍ക്കാരിന്റെ അലമ്പിനെപ്പറ്റി ആരും ഡയറിയെഴുതി വയ്‍ക്കാറുമില്ല. ആ സമയത്ത് എങ്ങനെ സ്കോര്‍ ചെയ്യുന്നു എന്നതിനുള്ള മാര്‍ക്ക് ആയി തിരഞ്ഞെടുപ്പ് ഫലം മാറുന്നതാണ് പതിവു കാഴ്ച. ബാലകൃഷ്ണപിള്ളയുടെ ജയില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നു ചെന്നിത്തല ഇന്നലെ പറഞ്ഞതേയുള്ളൂ. ജേക്കബില്ലെങ്കിലും കാര്യം നടക്കും. മുസ്തഫ വഴി വിശുദ്ധ പരിവേഷത്തില്‍ നിന്ന ഉമ്മന്‍ ചാണ്ടിയെപ്പോലും പ്രൊഫഷനല് പാര്‍ട്ടി അഴിമതിക്കേസിലേക്കു വലിച്ചിട്ടിരിക്കുകയാണ്. ഇപ്പറഞ്ഞതൊന്നും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ല എങ്കിലും സ്മാര്‍ട് സിറ്റിയും വല്ലാര്‍പാടവുമൊക്കെ ബാധിക്കാതിരിക്കില്ല.
ഇനി ഒന്നും അംഗീകരിച്ചില്ലെങ്കിലും വേണ്ട, നാട്ടില്‍ ഒരു ഗവണ്‍മന്റ് ഉണ്ട് എന്ന തോന്നലെങ്കിലും നമുക്കു ലഭ്യമായിട്ടുണ്ട്. ഇതൊരു റിയാലിറ്റി ഷോ ആണെന്ന് യുഡിഎഫിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. പഴങ്കഥയും പറഞ്ഞ് വിജയത്തേരു വരുന്നതും കാത്ത് വെയിറ്റിങ് ഷെഡില്‍ വെടി പറഞ്ഞിരിക്കുകയാണ്. തേരാളി ഒരു പോരാളി കൂടിയാണെന്നത് ലവര്‍ മറന്നു പോയിക്കാണും.
--
regards
cp
No comments:
Post a Comment