Friday, April 1, 2011

പാവങ്ങളുടെ അന്നത്തില് മണ്ണിടുന്ന കോണ്ഗ്രസ്..

by Shahid Parammal Melattur on Friday, April 1, 2011 at 7:04pm

 

ഏഴ് പതിറ്റാണ്ടിലേറെ കാലമായി രാജ്യത്ത് നിലനില്‍ക്കുന്ന റേഷനിംഗ് സമ്പ്രദായം അവസാനിപ്പിക്കുകയാണ്. 2012 മാര്‍ച്ച് മാസത്തോടെ സബ്‌സിഡികള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള പദ്ധതിക്കാണ് 2011-12 ലെ കേന്ദ്ര ബജറ്റിലെ നിര്‍ദേശം. ഇതിനായി ഒരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് 2011 ജൂണ്‍മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാം.

കഴിഞ്ഞ ഫെബ്രുവരി 28 ന് പാര്‍ലമെന്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ രാസവളത്തിനും മണ്ണെയ്ക്കുമുള്ള സബ്‌സിഡി പണമായി നല്‍കുമെന്ന് പറഞ്ഞിരുന്നു. ഘട്ടം ഘട്ടമായി സബ്‌സിഡികള്‍ ഒന്നൊന്നായി പിന്‍വലിക്കപ്പെടും. രാജ്യത്ത് നിലവിലുള്ള ഭക്ഷ്യ സബ്‌സിഡി പിന്‍വലിക്കാനുള്ള നീക്കം തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ ആരംഭിച്ചതാണ്.

രണ്ടാം ലോക മഹായുദ്ധത്തിനെ തുടര്‍ന്ന് 1939 ല്‍ ബോംബെയിലാണ് രാജ്യത്ത് ആദ്യമായി റേഷനിംഗ് ആരംഭിക്കുന്നത്, 1943 ല്‍ 13 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച റേഷനിംഗ് 1944 ല്‍ 103 നഗരങ്ങളിലേയ്ക്കും 1946 ല്‍ 771 നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. 1947 ല്‍ റേഷന്‍ അവസാനിപ്പിച്ചെങ്കിലും രണ്ടാം ഭക്ഷ്യ ധാന്യനയ രൂപീകരണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രാനന്തര ഭാരതത്തില്‍ 1950 ല്‍ ഒരു ക്ഷേമ നടപടിയെന്ന നിലയില്‍ റേഷനിംഗ് സമ്പ്രദായം പുനസ്ഥാപിച്ചു. ഭക്ഷ്യ കമ്മിയുള്ള ഗ്രാമീണ മേഖലകളിലാണ് ഇത് ആദ്യം ആരംഭിച്ചത്. 1960 കളില്‍ പൊതുവിതരണ സമ്പ്രദായം, സ്ഥിരവും സാര്‍വത്രികവുമാക്കാന്‍ തീരുമാനിച്ചു. 1965 ല്‍ കാര്‍ഷിക വിലനിര്‍ണയ കമ്മിഷനും ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും രൂപീകരിച്ചു. 1965-67 കാലത്തെ കൊടും വരള്‍ച്ച റേഷനിംഗ് സമ്പ്രദായം വ്യാപകമാക്കാന്‍ നിര്‍ബന്ധിതമാക്കി. അത് 1970 കളില്‍ രാജ്യത്ത് വ്യാപകമായി ന്യായവില ഷോപ്പുകള്‍ (റേഷന്‍ കടകള്‍) ക്ക് രൂപം നല്‍കി.

കേരളത്തില്‍ 1965 ജൂലൈ ഒന്നു മുതല്‍ സാര്‍വത്രികവും നിര്‍ബന്ധിതവുമായ റേഷനിംഗ് സമ്പ്രദായം നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുകമ്പോള ഇടപെടലിനുമായി 1974 ജൂണ്‍ 12ന് കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ശക്തവും വ്യാപകവുമായി.

1990 കളുടെ ആരംഭത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയം റേഷന്‍ സമ്പ്രദായത്തെ പിന്നോട്ടടിച്ചു. 1991 ല്‍ പൊതുവിതരണ സമ്പ്രദായം വഴി 20.8 ദശലക്ഷം ഭക്ഷ്യധാന്യങ്ങള്‍ വിതരണം നടത്തിയിരുന്ന സ്ഥാനത്ത് 1994 ല്‍ 14 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇതിന് കാരണം, റേഷന്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും മറ്റ് ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ ഉയര്‍ന്ന വില ഈടാക്കാനും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ്. ഇതിന്റെ ഫലമായി പൊതുവിപണിയിലെ അരിവിലയും റേഷന്‍ അരി വിലയും തമ്മില്‍ വലിയ വ്യത്യാസമില്ലാതായി. ഭക്ഷ്യധാന്യ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതിനൊപ്പം സാര്‍വത്രിക റേഷനിംഗ് സമ്പ്രദായം ലക്ഷ്യാധിഷ്ഠിതമാക്കി, പരിമിതപ്പെടുത്തി. 1992 ല്‍ പൊതുവിതരണ സമ്പ്രദായത്തെ നവീകരിക്കുന്നുവെന്നപേരില്‍ ഞല്മാുലറ ജഉട (ഞജഉട) എന്നും 1997 ല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണം എന്ന പേരിലും റേഷനിംഗ് സമ്പ്രദായത്തെ പരിമിതപ്പെടുത്തുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം കേരളത്തിലും നടപ്പിലാക്കി. 1992 ജനുവരിയില്‍ റേഷന്‍ അരിക്ക് കേന്ദ്രസര്‍ക്കാര്‍ 88 പൈസ വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഒരു കിലോയ്ക്ക് 88 പൈസ സബ്‌സിഡി നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു. എന്നാല്‍ അന്നത്തെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരും അതിലെ ധനകാര്യ മന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും 1992 ഒക്‌ടോബറില്‍ ഈ സബ്‌സിഡി 44 പൈസയായി കുറച്ചു. അതിന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ റേഷന്‍ സബ്‌സിഡിക്കായി പ്രതിവര്‍ഷം 180 കോടിയുടെ അധികചെലവ് ഉണ്ടാവുന്നു എന്നായിരുന്നു. ഈ അധികചെലവ് 100 കോടിയായി പരിമിതപ്പെടുത്തണം. എന്നാല്‍ ഈ 44 പൈസ സബസിഡിയും 1993 ഏപ്രില്‍ ഒന്നു മുതല്‍ പിന്‍വലിച്ചു. എന്നുമാത്രമല്ല കേന്ദ്രസര്‍ക്കാര്‍ അരിവില വര്‍ധിപ്പിക്കുമ്പോഴൊക്കെ സംസ്ഥാനത്ത് സബ്‌സിഡി നല്‍കാനായില്ലെന്നും സബ്‌സിഡി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ''യാഥാര്‍ഥ്യ ബോധത്തോടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സംസ്ഥാനത്തോടും ഭാവിതലമുറകളോടും ചെയ്യുന്ന അനീതിയായിരിക്കും''. ഇതായിരുന്നു 1992 ഏപ്രില്‍ 29 ന് ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.

അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ 1992 ഒക്‌ടോബറില്‍ പ്രഖ്യാപിച്ചു: 11,000 രൂപയ്ക്ക് മേല്‍ വരുമാനമുള്ളവര്‍ക്കും റേഷന്‍ സബ്‌സിഡി ഇല്ല. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി റേഷന്‍ സബ്‌സിഡി പരിമിതപ്പെടുത്തും. വാര്‍ഷിക വരുമാനം 11,000 രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ക്കും കുറവുള്ളവര്‍ക്കും വെവ്വേറെ റേഷന്‍ കാര്‍ഡുകള്‍ നല്‍കും. ആഴ്ചയില്‍ അഞ്ച് കിലോ അരി സ്‌പെഷലായി നല്‍കിവരുന്നത് നിര്‍ത്തിവച്ചതായും മുസ്തഫ കൂട്ടിച്ചേര്‍ത്തു.

1993 ല്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന എ കെ ആന്റണി, അധികാരമേറ്റപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമാണ്. 'ആദായനികുതി നല്‍കുന്നവര്‍ക്ക് റേഷന്‍ നല്‍കാനാവില്ല. ഉയര്‍ന്ന വരുമാനക്കാര്‍ റേഷന്‍ വാങ്ങുന്നത് തടയും. ഇവര്‍ക്ക് കൂടിയ വിലയ്ക്ക് റേഷന്‍ നല്‍കും'.

അന്നത്തെ കേന്ദ്ര സര്‍ക്കാരും യു ഡി എഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും നിലവിലുണ്ടായിരുന്ന സാര്‍വത്രികവും നിര്‍ബന്ധിതവുമായ റേഷനിംഗ് സമ്പ്രദായത്തെ തകര്‍ത്തു.

റേഷന്‍ സമ്പ്രദായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി റേഷന്‍ സാധനങ്ങള്‍ക്ക് വമ്പിച്ച തോതില്‍ വില ഉയര്‍ന്നു. 1994 ഫെബ്രുവരി 7 ന് സൂപ്പര്‍ ഫൈന്‍ അരിക്ക് 1.40 രൂപയുടെ (25.59%) വര്‍ധനവ് വരുത്തി. 5.47 രൂപയായിരുന്ന അരിവില 6.87 രൂപയാക്കി. 1999 ജനുവരിയില്‍ കിലോഗ്രാമിന് 2.10 രൂപയാണ് (28%) വര്‍ധിപ്പിച്ചത്. 7.50 രൂപയില്‍ നിന്നും 9.60 രൂപയാക്കി. ഗോതമ്പിന് 5 രൂപയില്‍ നിന്നും 7 രൂപയാക്കി വില ഉയര്‍ത്തി (40% വര്‍ധന). ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വിതരണം നടത്തിയിരുന്ന അരിയുടെ വില 3.50 രൂപയില്‍ നിന്ന് 4.52 രൂപയാക്കി കേന്ദ്രം ഉയര്‍ത്തി.

1996 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍, അധികാരമേറ്റ് 90-ാം ദിവസം സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും പ്രതിമാസം 16 കിലോ അരി കിലോയ്ക്ക് ഒരു രൂപ വില കുറച്ച് വിതരണം നടത്താന്‍ തീരുമാനിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1.35 കോടി (ജനസംഖ്യയുടെ 42%) ജനങ്ങള്‍ക്കും 16 കിലോ അരി കിലോയ്ക്ക് ഒരു രൂപ കുറച്ച് നല്‍കുന്നതിന് പുറമേ പ്രതിമാസം 10 കിലോ അരി പകുതി വിലയ്ക്ക് നല്‍കാന്‍ 1997 ജൂണ്‍ ഒന്ന് മുതല്‍ തീരുമാനിച്ചു. റേഷന്‍ സബ്‌സിഡിക്കായി അന്ന് പ്രതിവര്‍ഷം 120 കോടിരൂപ ചെലവഴിച്ചു. ഉത്സവകാലങ്ങളില്‍ (ഓണം, ക്രിസ്മസ്, റംസാന്‍) റേഷന് പുറമേ 25 കിലോ മുതല്‍ 50 കിലോ വരെ അരി ഓരോ റേഷന്‍ കാര്‍ഡ് ഉടമകക്കും നല്‍കി. അതുപോലെ ഓണം, ക്രിസ്മസ്, റംസാന്‍ വേളകളില്‍ 28 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി വീതം സൗജന്യമായി വിതരണം നടത്തി.

2001 ല്‍ അധികാരത്തില്‍ വന്ന യു ഡി എഫിന്റെ കാലത്ത് 2001-2002 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഉണ്ടായിരുന്ന റേഷന്‍ കാര്‍ഡുകള്‍ 63,89,241 ല്‍ നിന്നും 2002-2003 ല്‍ 62,60,966 ആയി കുറഞ്ഞു. സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡിപ്പോകള്‍ 23 ല്‍ നിന്നും 22 ആയും 2005-06 ല്‍ 21 ആയും കുറഞ്ഞു.

എന്നാല്‍ 2006 ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും റേഷന്‍ സമ്പ്രദായം വിപുലവും വ്യാപകവുമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ റേഷന്‍ വിതരണം നടത്തുന്നു. അത് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും നല്‍കാന്‍ നടപടികള്‍ ആരംഭിച്ചു. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, കയര്‍തൊഴിലാളികള്‍, കശുഅണ്ടി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, പനമ്പ്-ഈറ്റ തൊഴിലാളികള്‍, തോട്ടം, ഖാദി, മണ്‍പാത്ര നിര്‍മാണം, തഴപ്പായ നിര്‍മാണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ക്കും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ളവര്‍ക്കും കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി വിതരണം നടത്തുന്നു. രണ്ട് രൂപയ്ക്ക് അരി വിതരണം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സര്‍വകാല റെക്കാര്‍ഡാണ്. എ പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു കിലോ അരിക്ക് 6.90 രൂപയും ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു കിലോയ്ക്ക് 4.70 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി. ഭക്ഷ്യ സബ്‌സിഡിക്കുമാത്രം സംസ്ഥാനം ഇപ്പോള്‍ പ്രതിവര്‍ഷം 454 കോടി രൂപ ചെലവഴിക്കുന്നു. രാജ്യത്ത് റേഷന്‍ സമ്പ്രദായം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ആ ബദല്‍ സംവിധാനത്തെ എല്ലാ കാലത്തും തകര്‍ക്കുന്ന നടപടികളാണ് യു ഡി എഫ് നേതൃത്വം സ്വീകരിച്ചത്. പുതിയ കേന്ദ്ര ബജറ്റിന്റെ അടിസ്ഥാനത്തില്‍ 2012 മാര്‍ച്ച് മുതല്‍ രാജ്യത്ത് തന്നെ സബ്‌സിഡി സംവിധാനം ഇല്ലാതാവുന്നതോടെ റേഷനിംഗ് വമ്പിച്ച വെല്ലുവിളികളാണ് നേരിടാന്‍ പോകുന്നത്

 








No comments:

Post a Comment